തിരുവനന്തപുരം : രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്ത് മറ്റൊരു പ്രതിരോധ വാക്‌സിന്‍ കൂടി നല്‍കുന്നു. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് (പി.സി) എന്ന വാക്‌സിനാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും നല്‍കുന്നത്. ന്യുമോണിയക്കെതിരേയുള്ള പ്രതിരോധ കുത്തിവെയ്പ്പാണിത്.

ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റര്‍ ഡോസുമാണ് പി.സി വാക്‌സിന്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. അതേസമയം, കേരളത്തില്‍ വാക്‌സിന്‍ വിതരണം ഏത് തരത്തിലാണെന്ന് തീരുമാനമായിട്ടില്ല.

പലപ്പോഴും ന്യുമോണിയ ഗുരുതരമാകാനുള്ള കാരണം ന്യൂമോ കോക്കല്‍ ബാക്ടീരിയയാണ്. പുതിയ വാക്‌സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്‌ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കല്‍ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്