റിയോ ഡി ജനീറോ: അമ്മയും കാമുകിയും ചേര്‍ന്ന് ഒന്‍പതു വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. ബ്രസീലിലെ സമാമ്ബിയയിലാണ് ഞെട്ടിക്കുന്ന സംഭവം. കൃത്യം നടത്തിയ ഇരുപത്തിയേഴുകാരിയായ സ്ത്രീയെയും ഇവരുടെ വനിതാ പങ്കാളിയെയും യഥാക്രമം 65, 64 വര്‍ഷം തടവിന് വിധിച്ചു.

– ഇക്കഴിഞ്ഞ മെയ് 31നാണ് കേസിനാസ്പദമായ സംഭവം. റുവാന്‍ മെയ്കോണ്‍ ഡ സില്‍വ കാസ്ട്രോ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ അമ്മ റോസാന ഓറി ഡിസില്‍വ, ഇവരുടെ കാമുകി കസീല പ്രിസ്കീല (28) എന്നിവര്‍ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നു തവണയാണ് സ്വന്തം അമ്മ തന്നെ ആ മകന്‍റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്. അവിടെയും ക്രൂരത അവസാനിച്ചിരുന്നില്ല. കൊലപാതക ശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയുടെ തൊലി മുഴുവന്‍ ഉരിച്ചെടുത്ത് ശരീരം കഷണങ്ങളാക്കി നുറുക്കിയ ശേഷം ഗ്രില്ലില്‍ വച്ച്‌ ചുട്ടെടുക്കുകയും ചെയ്തു.

ബാക്കി വന്ന ശരീരഭാഗങ്ങള്‍ ഇരുവരും ചേര്‍ന്ന് ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. റോസാന ഈ സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നത് രണ്ട് യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്താണ് ആ പെട്ടിയിലെന്നറിയാന്‍ യുവാക്കള്‍ പെട്ടി തുറന്നതോടെയാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.

നവംബര്‍ 25നാണ് കേസില്‍ വിചാരണ പൂര്‍ത്തിയായത്. കുട്ടിയുടെ അമ്മയായ റോസാനയ്ക്ക് 65 വര്‍ഷം തടവും ഇവരുടെ കാമുകി കസീലയ്ക്ക് 64 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അച്ഛന്‍റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂര കൃത്യത്തിലേക്ക് യുവതിയെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മകനെ വെറുപ്പായിരുന്നുവെന്നും റോസാന പൊലീസിനോട് പറഞ്ഞിരുന്നു. ഈ നിഷ്ഠൂര കൊലപാതകത്തിന് ഇവരുടെ കാമുകിയുടെ എട്ട് വയസുകാരിയായ മകളും സാക്ഷിയായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.