തൃശൂര്‍:  പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച്‌ സല്യൂട് ചെയ്യിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെ എസ് യുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

സല്യൂട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ എസ്‌ യു പരാതിയില്‍ ആവശ്യപ്പെട്ടു.

കണ്ടിട്ടും ജീപില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട് ചെയ്യിച്ചത്. തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. നിരവധി പേര്‍ എം പിയെ കാണാന്‍ എത്തിയിരുന്നു.

ഈ സമയം ജീപില്‍ ഇരിക്കുകയായിരുന്ന ഒല്ലൂര്‍ എസ് ഐ യെ സുരേഷ് ഗോപി എം പി വിളിച്ചു വരുത്തുകയായിരുന്നു. താന്‍ മേയറല്ല എംപിയാണെന്ന് ഓര്‍മിപ്പിച്ച എം പി ഒരു സല്യൂടാവാം എന്ന് പറയുകയായിരുന്നു.