നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെയും മകളെയും എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരോട് മോശമായി പെരുമാറിയ നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇയാളോട് നേരിട്ട് വിശദീകരണം തേടണമെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടികളുടെ ഭാഗമായി ഇയാളെ ബറ്റാലിയനിലേക്കു പരിശീലനത്തിനായി അയച്ചിരിക്കുകയാണ്.

പരാതിക്കാരന്‍ പ്രകോപിപ്പിച്ചു എന്ന എഎസ്‌ഐയുടെ വിശദീകരണം നിലനില്‍ക്കില്ല. ഗോപകുമാര്‍ പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാടിന്‍റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല. മേലുദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് ഗോപകുമാര്‍ അധിഷേധിപ്പിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തു. മറ്റൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗോപകുമാര്‍ സ്റ്റേഷനിലെത്തിയത്. അതിനിടെ പ്രകോപിതനായി മോശം വാക്കുകള്‍ ഉപയോഗിച്ചത് ന്യായീകരിക്കാനാകില്ല. ഡ്യൂട്ടിയിലിരിക്കേ മഫ്തി വേഷത്തില്‍ സ്റ്റേഷനിലേക്കു വന്നതു തെറ്റാണ്. സിവില്‍ ഡ്രസില്‍ പോകേണ്ട ഡ്യൂട്ടിയിലായിരുന്നില്ല ഗോപകുമാര്‍. എഎസ്‌ഐയുടെ പ്രവര്‍ത്തനം പൊലീസ് സേനയ്ക്കു ചേരാത്തതാണെന്നും സേനയെ അപകീര്‍ത്തിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബപ്രശ്നത്തില്‍ പരാതി നല്‍കാനെത്തിയ സുദേവനെയും മകളെയും എഎസ്‌ഐ ഗോപകുമാര്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഗോപകുമാറിനുള്ള ശിക്ഷാ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.