കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിവാക്കിയ അഡ്വ. ഫാത്തിമ തഹ്‌ലിയയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച്‌ സുരേഷ് ഗോപി എംപി. ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഫാത്തിമയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.

എന്നാല്‍, ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് ഫാത്തിമ തഹ്‌ലിയ മറുപടി നല്‍കി. മുസ്‌ലിം ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഒരുക്കമല്ല. അത്തരമൊരു ആലോചന പോലും നടക്കുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി. തുടര്‍ന്ന് സംസാരിച്ച സുരേഷ് ഗോപി, ബി.ജെ.പിയില്‍ ചേരുന്നില്ലെങ്കില്‍ പോലും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാന്‍ മടിക്കരുതെന്നും ഫാത്തിമയോട് വ്യക്തമാക്കി.

എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച്‌ പരാതി നല്‍കിയ ഹരിത ഭാരവാഹികളെ പിന്തുണച്ചു കൊണ്ട് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയിരുന്നു. കൂടാതെ, ഹരിത നേതാക്കളെ പിന്തുണച്ച്‌ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമയെ കഴിഞ്ഞ ദിവസം നീക്കുകയായിരുന്നു.