പാലക്കാട് : വാളയാറില്‍ വനവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിന്റെ ബന്ധു അറസ്റ്റില്‍. ചന്ദ്രാപുരം സ്വദേശി ഷമീറിനെയാണ് വാളയാര്‍ പോലീസ് പിടികൂടിയത്. ഷമീറിന്റെ ബന്ധുവായ മുന്‍ സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ ശ്രമിച്ചു എന്നും പരാതിയുണ്ട്. യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി നാടുകടത്താന്‍ ശ്രമം നടത്തിയതായാണ് ആരോപണം.

വാളയാര്‍ സ്വദേശിനിയായ 27 കാരിയെയാണ് സിപിഎം നേതാവിന്റെ ബന്ധു പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. പ്രണയിച്ചതിനുശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ പ്രതി ഒഴിഞ്ഞുമാറി.

ഷമീറിന്റെ ബന്ധുവായ സിപിഎം നേതാവ് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും യുവതിയെ തമിഴ്‌നാട്ടിലേക്ക് നാടുകടത്താന്‍ ശ്രമിച്ചതായും യുവതിയുടെ അമ്മ പറയുന്നു. പെണ്‍കുട്ടിക്ക് ചികിത്സ നല്‍കണമെന്ന് അമ്മ നിരവധി തവണ ഷമീറിനോട് ആവശ്യപ്പെട്ടിട്ടും സഹായിച്ചില്ല. എട്ടു മാസം ഗര്‍ഭിണിയായ യുവതി നിലവില്‍ ജില്ലാ വനിതാ ശിശു ആശുപത്രിയില്‍ ചികിത്സയിലാണ്.

പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതിയില്‍ ജില്ലാ പോലീസ് മേധാവി നേരിട്ടാണ് കേസെടുത്തത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.