കൊച്ചി: മലയാളികളുടെ പ്രിയതാരമായ ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ താരത്തിന് പിറന്നാള്‍ സമ്മാനം നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. ഷൈനിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുതിയ പോസ്റ്ററാണ് പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയത്.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.

ഇഷ്‌ക് എന്ന സൂപെര്‍ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആര്‍ട് സുഭാഷ് കരുണ്‍, രഞ്ജിത് ആര്‍ മേകപ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.