തൃശൂര്‍: സുരേഷ്‌ഗോപി എംപി തൃശൂര്‍ കോര്‍പറേഷന്‍ മേയറുമായി കൂടിക്കാഴ്ച നടത്തി. ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിന് ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നു.

മാര്‍ക്കറ്റ് വികസനത്തിന് വിശാലമായ പ്ലാനാണ് മനസിലുള്ളത് എന്ന് മേയര്‍ സുരേഷ്‌ഗോപിയെ അറിയിച്ചു എന്നാണ് വിവരം. നവംബര്‍ 15ന് മുന്‍പ് രൂപരേഖ സമര്‍പ്പിക്കാം എന്ന് മേയര്‍ എംപിയെ അറിയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റ് വികസനത്തിന് ഒരുകോടി രൂപ വാഗ്ദാനം ചെയ്തത്. എംപി ഫണ്ടില്‍ നിന്നോ കുടുംബട്രസ്റ്റില്‍ നിന്നോ ഇതിനുള്ള പണം നല്‍കും എന്നായിരുന്നു വാഗ്ദാനം. കൂടികാഴ്ചയിലൂടെ അത് ഉറപ്പാകുകയാണ് ചെയ്തിരിക്കുന്നത്.

ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്ന പത്ത് കോടി പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കാന്‍ ഇടപെടുമെന്ന് സുരേഷ്ഗോപി പറഞ്ഞു. കേന്ദ്രത്തിന്റെ പദ്ധതിയായി ഇത് പൂര്‍ണമായി ചെയ്തെടുക്കുന്നതിനുള്ള ശ്രമം തന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.