കാഞ്ഞിരപ്പള്ളി:  ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞ് ആശുപത്രി കാന്റീനില്‍ സംഘര്‍ഷം. അലമാരകള്‍ അടക്കമുള്ളവ നശിപ്പിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രി കാന്റീനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

പുറത്തുനിന്ന് എത്തിയവരും ജീവനക്കാരും തമ്മില്‍ ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കാന്റീനില്‍ പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

കാന്റീനില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വരാനായി പ്രത്യേകം വാതില്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ആ വാതിലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയത്. ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തര്‍ക്കം പിന്നീട് കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് കാന്റീനിലെ ചെറിയ അലമാരകള്‍ അടക്കമുള്ളവയ്ക്ക് നാശം സംഭവിച്ചു. പൊലീസ് ആശുപത്രി അധികൃതരെ മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ കേസ് എടുത്തതായി വിവരമില്ല.