മുംബൈ: പ്രശസ്തമായ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ഓപെററ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്ത രാജിവച്ചു. കമ്ബനിയില്‍നിന്ന് പുറത്തുപോകാനുള്ള യഥാര്‍ഥ കാരണം വ്യക്തമാക്കിയില്ല.

സൊമാറ്റോയുമായുള്ള 6 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഗൗരവ് ഗുപ്തയുടെ പടിയിറക്കം. നേരത്തേ സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഗൗരവ് കമ്ബനി വിടുമെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം ഗൗരവ് കമ്ബനിക്ക് അയച്ച മെയിലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. 6 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച്‌ പുതിയ അധ്യായം ആരംഭിക്കാന്‍ പോകുന്നുവെന്നായിരുന്നു സന്ദേശം.

2015ലാണ് ഗുപ്ത സൊമാറ്റോയുടെ ഭാഗമാകുന്നത്. 2018ല്‍ ചീഫ് ഓപെററ്റിങ് ഓഫിസറായി. കമ്ബനി വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ഗുപ്തയുടെ നീക്കം പരാജയമായിരുന്നു. എന്നാല്‍ സൊമാറ്റോയുടെ ഐ പി ഒയില്‍ പ്രധാന സാനിധ്യമായിരുന്ന ഗുപ്ത മാധ്യമങ്ങളുമായും നിക്ഷേപകരുമായുമുള്ള ചര്‍ച്ചകള്‍ക്ക് എന്നും നിര്‍ണായക നേതൃത്വം നല്‍കിയിരുന്നു.