ന്യൂഡല്‍ഹി: ഹിന്ദി ഭാഷയെ ഭാരതീയരുടെ ദേശീയ ഐക്യത്തിന്‍റെയും സാംസ്കാരിക ബോധത്തിന്‍റെയും അടിത്തറയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സെപ്റ്റംബര്‍ 14 ഹിന്ദി ഭാഷാ ദിവസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പരാമര്‍ശം .

“പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകത്തോട് ഹിന്ദിയില്‍ സംസാരിക്കാമെങ്കില്‍ പിന്നെ നാമെന്തിന് മടിച്ചു നില്‍ക്കണം. ഹിന്ദി സംസാരിക്കുന്നത് മോശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. എല്ലാ ഇന്ത്യന്‍ ഭാഷകളോടുമൊപ്പം ഹിന്ദിയുടെയും വികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് -“ഷാ ചൂണ്ടിക്കാട്ടി .

കേന്ദ്രത്തിന്‍റെ ‘ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി’യെയും ഹിന്ദിയെയും ബന്ധിപ്പിക്കുന്ന പ്രസ്താവനയും അമിത് ഷാ നടത്തി. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ അര്‍ഥം ഭാഷാപരമായി സ്വയംപര്യാപ്തമാവുക എന്നുകൂടിയാണ്. മാതൃഭാഷയുടെയും ഔദ്യോഗിക ഭാഷയുടെയും ഏകോപനത്തിലൂടെയാണ് പുരോഗതി കൈവരിക്കാനാകൂ. മാതൃഭാഷയോടൊപ്പം ഹിന്ദിയും വ്യാപകമായി ഉപയോഗിക്കാന്‍ രാജ്യത്തെ എല്ലാ ജനങ്ങളോടും ആവശ്യപ്പെടുകയാണ് -“അമിത് ഷാ പറഞ്ഞു.

അതെ സമയം ഹിന്ദി ഭാഷ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണത്തെ ഹിന്ദി ദിനാചരണം നടക്കുന്നത് .

ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്​ഥാനങ്ങളുമായി ഹിന്ദിയില്‍ എഴുത്തുകുത്ത്​ നടത്തുന്നത്​ ശരിയല്ലെന്നും ഭാഷാഭ്രാന്ത്​ അപകടകരമാണെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു .ഇത്തരം സംസ്​ഥാനങ്ങളുമായി അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.