തൃശൂര്‍ : റിട്ടയേഡ് അധ്യാപകന്റെ പണമടങ്ങിയ ബാഗ് കവര്‍ന്ന മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി ട്രാഫിക് പോലീസ്. പട്ടാളം റോഡില്‍ പുറമ്ബോക്കില്‍ താമസിക്കുന്ന ബാബു (21) വാണ് പോലീസ് പിടിയിലായത്.

മുക്കം സ്വദേശി റിട്ടയേഡ് അധ്യാപകന്‍ കേശവന്‍ നമ്ബൂതിരിയുടെ അരലക്ഷം രൂപ അടങ്ങിയ ബാഗാണ് കവര്‍ന്നത്. തൃശൂരില്‍ ഒരു സ്വകാര്യ ആവശ്യത്തിന് എത്തിയ കേശവന്‍ നമ്ബൂതിരി അല്‍പ സമയം വിശ്രമിക്കുന്നതിനായി തേക്കിന്‍കാട് മൈതാനത്തെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. പണമടങ്ങിയ ബാഗ് തന്റെ അടുത്ത് വെച്ച്‌ മൊബൈല്‍ഫോണില്‍ സംസാരിക്കുന്ന തക്കം നോക്കി, ബാഗ് തട്ടിയെടുത്ത് മോഷ്ടാവ് ഓടുകയായിരുന്നു.

ഹൈറോഡ് ജംഗ്ഷനില്‍ ട്രാഫിക് പോയിന്റ് ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന ജോഷി, അതുവഴി നടന്നുവന്നിരുന്ന ഒരാളെകണ്ട് സംശയം തോന്നി തടയാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ അയാള്‍ ഓടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജയ്ഹിന്ദ് മാര്‍ക്കറ്റിനു സമീപത്തേക്ക് ഓടിയ അയാളെ ജോഷിയും ഹോംഗാര്‍ഡ് പ്രകാശനും ചേര്‍ന്ന് പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

മോഷ്ടാവ് അരയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബാഗും പണവും പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു