തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പും നിയമപോരാട്ടവും തുടരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം ഇന്നു മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.

പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് ആദ്യ ഒരുവര്‍ഷത്തെ നടത്തിപ്പ്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായി നേരത്തെ തന്നെ കൈമാറ്റക്കരാര്‍ ഒപ്പുവെച്ചിരുന്നു. വിമാനത്താവളം ഏറ്റെടുത്ത് നടത്തുന്നതിന്‍റെ സെക്യൂരിറ്റി ക്ലിയറന്‍സും കേന്ദ്രം നേരത്തെ അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു.

കേന്ദ്രവും അദാനി ഗ്രൂപ്പും കൈമാറ്റക്കരാര്‍ ഒപ്പുവെച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പുവെച്ചിട്ടില്ല. വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ഉറപ്പാണ് ഈ കരാര്‍.