തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എസ് ശ്രീജയ്ക്ക് ആശ്വാസമായി പി.എസ്.സി തീരുമാനം. വ്യാജ സമ്മതപത്രം കാരണം ശ്രീജയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നഷ്ടമായത് വാര്‍ത്തയായിരുന്നു. സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്‌തികയിലേക്കുള്ള നിയമന ശുപാര്‍ശ ഉടന്‍ ശ്രീജയ്ക്ക്‌ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.

റാങ്ക് പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ചായിരുന്നു ശ്രീജയുടെ പേരില്‍ വ്യാജ സത്യവാങ്മൂലം. കൊല്ലം സ്വദേശിയാണ് വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയത്. ഇരുവരുടേയും പേരും ഇനീഷ്യലും ജനനതീയ്യതിയും ഒന്നാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടായേക്കും.

നിലവില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് കൊല്ലം സ്വദേശി. ഇവര്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇവരുടെ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ പരിശോധിച്ച പിഎസ്‌സി കോട്ടയം ജില്ലാ ഓഫീസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു.

അതേസമയം, ജോലി പരിത്യാഗത്തിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ ആധികാരികവും വിശ്വസനീയവുമാക്കുമെന്ന് പിഎസ്.സി വ്യക്തമാക്കി. റാങ്ക് ഹോള്‍ഡേഴ്സ് എന്ന പേരില്‍ ചിലരെങ്കിലും നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഗൗരവമുള്ള വിഷയമാണെന്നും പിഎസ്‌സി പറഞ്ഞു.

ജോലി പരിത്യാഗത്തിന് വെള്ളക്കടലാസില്‍ സ്വയം സത്യപ്രസ്താവന തയ്യാറാക്കി ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു നേരത്തേ ചെയ്തിരുന്നത്. പിന്നീട് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ഏര്‍പ്പെടുത്തി.

2016 ഓഗസ്റ്റ് 27-നാണ് ശ്രീജ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയത്. 2018 മെയ് മുപ്പതിന് റാങ്ക് പട്ടിക പുറത്തു വന്നപ്പോള്‍ പൊതുവിഭാഗത്തില്‍ റാങ്ക് നമ്ബര്‍ 233 ആയിരുന്നു. 2021 ഓഗസ്റ്റ് നാല് എത്തിയപ്പോള്‍ തൊട്ടുമുന്നിലുള്ളവര്‍ക്കുവരെ നിയമനം കിട്ടി. തുടര്‍ന്ന് നിരന്തരം കോട്ടയം പി.എസ്.സി ഓഫീസിലേക്ക് വിളിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 11 ന് അറിയിപ്പ് കിട്ടി. 14 പേര്‍ക്കുകൂടി അഡ്വൈസ് മെമ്മോ അയച്ചു. 268 റാങ്കുവരെ ജോലി കിട്ടും.

സെപ്റ്റംബര്‍ ആറിന് പിഎസ്.സി വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് മറ്റൊരാള്‍ തന്റെ അവസരം കവര്‍ന്നതായി മനസ്സിലായത്. ഉടനെ കോട്ടയം പി.എസ്.സി. ഓഫീസിലെത്തി അന്വേഷിച്ചു. മറ്റൊരു വകുപ്പില്‍ സര്‍ക്കാര്‍ ജോലിയുള്ളതിനാല്‍ ഈ ജോലി വേണ്ടെന്ന് താന്‍ സത്യവാങ്മൂലം എഴുതിക്കൊടുത്തതായായിരുന്നു കിട്ടിയ വിവരം. നോട്ടറി തയ്യാറാക്കി ഗസറ്റഡ് ഓഫീസര്‍ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഒപ്പുസഹിതം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസര്‍ക്ക് പരാതി നല്‍കി.