കൊച്ചി: ഇന്നലെ അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം കൊച്ചി കൊച്ചങ്ങാടി ചെമ്ബിട്ട പള്ളിയില്‍ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. മരണശേഷം നടത്തിയ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഖബറടക്കം നടന്നത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്ബുണ്ടായ ഹൃദയാഘാതമാണ് അമ്ബത്തഞ്ച് റിസബാവയുടെ ആരോഗ്യനില കൂടതല്‍ വഷളാക്കിയത്.

കൊച്ചിയിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന നിരവധി കഥാപാത്രങ്ങളെ തിരശീലയില്‍ അനശ്വരമാക്കിയാണ് റിസബാവ അരങ്ങുഴിയുന്നത്. ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു റിസബാവ.

വില്ലനായാല്‍ തനി വില്ലന്‍. ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ സിനിമ യാത്രയില്‍ വഴിത്തിരിവായത്. മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് വില്ലനിസമാണ് ഇന്‍ ഹരിഹര്‍ നഗറിലൂടെ പിറന്നത്.

ശരീര ഭാഷയും, ഡയലോഗ് ഡെലിവറിയും, ഒന്നിനൊന്ന് മികച്ചതായപ്പോള്‍ ജോണ്‍ ഹോനായി എന്ന കഥാപാത്രവും പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

കാരക്ടര്‍ റോളുകളിലും റിസബാവ അഭിനയിച്ചു. സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉള്‍പ്പടെയുള്ള മേഖലയിലും സജീവമായിരുന്നു.