ശംഖുംമുഖം: ഷെഡ്യൂളുകളെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ്​ പരിശോധനക്ക്​ തയാറാകാത്തത്. പറക്കലിന് മുമ്ബുള്ള എയര്‍ ഇന്ത്യ എക്സ്​പ്രസ് വിമാനങ്ങളുടെ സാങ്കേതിക പരിശോധന പ്രഹസനമെന്ന് ആക്ഷേപം ഉയരുന്നത്. നിരവധി തവണ അപകടങ്ങളും തിരിച്ചിറക്കലുകളും ഉണ്ടായിട്ടും നടപടിയില്ല. വിമാനങ്ങള്‍ ഓരോ തവണയും പറക്കും മുമ്ബ് സൂക്ഷ്മമായി സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പൈലറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട്​ പൈലറ്റ് അംഗീകരിച്ചാല്‍ മാത്രമേ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. എന്നാല്‍ സമയം ലാഭിക്കാനായി മറ്റ്​ രാജ്യങ്ങളില്‍നിന്ന്​ വരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ പരിശോധനകള്‍ കാര്യമായി നടത്താതെ തിരിച്ച്‌ പറക്കലിന്​ തയാറാവുകയാണ്​.

സാങ്കേതിക പ്രശ്​നങ്ങള്‍ മറച്ചു​െവച്ച്‌ വീണ്ടും വിമാനങ്ങള്‍ പറക്കാന്‍ യോഗ്യമാ​െണന്ന് കാണിച്ച്‌ അനുമതി നല്‍കുന്നതാണ് തിരുവനന്തപുരത്തെ പതിവ്. ഇതുകാരണം വിമാനങ്ങള്‍ പറന്നുയര്‍ന്ന ശേഷമാകും തകരാര്‍ അറിയാന്‍ കഴിയുന്നത്. കഴിഞ്ഞദിവസം 170 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരുമണിക്കൂറിനുശേഷം തിരിച്ചിറക്കി. വിമാനത്തിലെ സ്പീഡോമീറ്ററിലെ വ്യതിയാനമാണ് തിരിച്ചിറങ്ങാന്‍ കാരണം. ആകാശപാതയിലൂടെ പറക്കുന്ന വിമാനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതും മറ്റു വിമാനങ്ങളുമായി അകലം സൂക്ഷിക്കുന്നതും ഇൗ സ്പീഡോമീറ്റര്‍ കണ്‍ട്രോളിലൂടെയാണ്.