ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ മുഖ്യ​മന്ത്രി മമത ബാനര്‍ജി വിയര്‍ക്കുകയാണെന്ന്​ ബി.ജെ.പി നേതാവ്​ അമിത്​ മാളവ്യ. മമതയുടെ മസ്​ജിദ്​ സന്ദര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭവാനിപൂരില്‍ തോല്‍വിയേറ്റ്​ വ​ാങ്ങേണ്ടിവരുമെന്ന ഭയമാണ്​ മമതയുടെ മസ്​ജിദ്​ സന്ദര്‍ശനത്തിന്​ പിന്നിലെന്നാണ്​ ബി.ജെ.പി വക്താവ്​ അമിത്​ മാളവ്യയുടെ പ്രതികരണം.

‘നിങ്ങള്‍ ഭവാനിപൂരില്‍ മത്സരമില്ലെന്ന്​ കരുതിയോ? മമത ബാനര്‍ജി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണോ? മറന്നേക്കൂ. അവള്‍ (മമത ബാനര്‍ജി) വിയര്‍ക്കുകയാണ്​. സോല അന മസ്​ജിദിലേക്കുള്ള ഈ സന്ദര്‍ശനം ‘പെട്ടന്നുള്ളതല്ല’, വാര്‍ഡ്​ 77ല്‍ നിന്ന്​ വോട്ട്​ തേടാനുള്ള ആസൂത്രിത സന്ദര്‍ശനമാണ്​. അടുത്ത ദിവസങ്ങളില്‍ അവള്‍ ബൂത്തില്‍നിന്ന്​ ബൂത്തുകളിലെത്തും’ -അമിത്​ മാളവ്യ ട്വീറ്റ്​ ചെയ്​തു.

 

 

തെരഞ്ഞെടുപ്പ്​ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്​ മുമ്ബുതന്നെ മമതയും പാര്‍ട്ടി പ്രവര്‍ത്തകരും ഭവാനിപൂര്‍ കേന്ദ്രീകരിച്ച്‌​ പ്രചാരണം ആരംഭിച്ചിരുന്നു. പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച ഭവാനിപൂരിലെ സോല അന മസ്​ജിദ്​ മമത സന്ദര്‍ശിച്ചു. അവിടെയെത്തിയ മമതയെ വന്‍ജനക്കൂട്ടമാണ്​ സ്വീകരിച്ചത്​. കൂടാതെ പ്രദേശത്തെ ജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കുകയും ചെയ്​തിരുന്നു.

വെള്ളിയാഴ്ച മമത ബാനര്‍ജി ഭവാനിപൂരില്‍ മത്സരത്തിന്​ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മമതയുടെ എതിരാളിയായ പ്രിയങ്ക തിബ്രേവാള്‍ തിങ്കളാഴ്ചയും നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. റെക്കോഡ്​ വിജയം നേടുകയെന്ന ലക്ഷ്യത്തിലാണ്​ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരും. രണ്ടുതവണയും മമതയെയും തൃണമൂലിനെയും തുണച്ച മണ്ഡലമായതിനാല്‍ തന്നെ ഭൂരിപക്ഷം ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ്​ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.