തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സിസി പ്രസിഡന്‍റ് കെ. സുധാകരനും രാജിക്കത്ത് അയച്ചു നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ കെ.പി അനില്‍കുമാര്‍ അറിയിച്ചു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്.

പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് സംസാരിച്ചത്. നീതി നിഷേധത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായ പ്രകടനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിമര്‍ശിച്ചത്.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനില്‍കുമാറിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം നല്‍കിയിട്ടും അച്ചടക്കനടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലും ഇദ്ദേഹത്തിന് അതൃപ്തിയു‍ണ്ടായിരുന്നു.