ലഖ്‌നോ: കോണ്‍ഗ്രസ് തീവ്രവാദത്തിന്‍റെ അമ്മയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേ സമയം സമാജ് വാദി പാര്‍ട്ടി ഒരു തേളാണെന്നും യോഗി ഓര്‍മ്മിപ്പിച്ചു.

കുശിനഗര്‍ ജില്ലയില്‍ 400 കോടിയുടെ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. സന്ത് കബീര്‍ നഗറില്‍ 126 കോടിയുടെ ജില്ലാ ജയിലും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഇരുട്ടാണ് ആഗ്രഹിക്കുന്നത്. അവര്‍ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടു- യോഗി പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തെ എല്ലാ തീവ്രവാദങ്ങളുടെയും അമ്മയാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് താങ്ങാവാന്‍ രണ്ട് ആളുകളുടെ തോള്‍ പോലും കിട്ടില്ലെന്നും യോഗി പരിഹസിച്ചു. സമാജ് വാദി പാര്‍ട്ടിയെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു. രാമന്‍റെ ഭക്തര്‍ക്ക് നേരെ അവര്‍ ബുള്ളറ്റുകള്‍ വര്‍ഷിച്ചു. താലിബാനെ അവരുടെ ജാതിയുടെ പേരില്‍ പിന്തുണച്ചു. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ഇനി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സഹിക്കില്ല. തേള്‍ എവിടെയായാലും കുത്തുമെന്നും യോഗി പറഞ്ഞു.

യുപിക്ക് എന്തിന്‍റെ പോരായ്മയാണുള്ളത്? കോണ്‍ഗ്രസും സമാജ് വാദിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും രോഗം, തൊഴിലില്ലായ്മ, മാഫിയ ഭരണം, അഴിമതി- ഇതെല്ലാമാണ് ഉത്തര്‍പ്രദേശിന് നല്‍കിയത്. വികസനപ്രവര്‍ത്തനങ്ങള്‍ നേരാംവണ്ണം ചെയ്തിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകളില്‍ ഒതുങ്ങേണ്ടി വരില്ലായിരുന്നു- യോഗി പറഞ്ഞു.