കോട്ടയം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഈ മാസം 17 മുതല്‍ ഒക്ടോബര്‍ ഏഴു വരെ രാജ്യമാകെ നടത്തുന്ന മോദി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓര്‍മയ്ക്കാണ് ഒക്ടോബര്‍ ഏഴു വരെ ആഘോഷ പരിപാടികള്‍ നടത്തുന്നത്. ഒക്ടോബര്‍ ഏഴിന് അദ്ദേഹം മുഖ്യമന്ത്രിയായിട്ട് 20 വര്‍ഷങ്ങള്‍ ആകും എന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കോവിഡ് പ്രതിരോധ, സേവന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനം, കേന്ദ്ര സര്‍കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കല്‍, അവരെ പങ്കെടുപ്പിച്ച്‌ വിവിധ പരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തും.

കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി 25 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളും പാര്‍ടി പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളാകും. 71 കേന്ദ്രങ്ങളില്‍ നദീസംരക്ഷണ പരിപാടികള്‍ നടത്തും. പുഴകളിലും തോടുകളിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. കേന്ദ്ര പദ്ധതികളെ കുറിച്ച്‌ ജനങ്ങള്‍ക്ക് അറിയുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

17 ന് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാര്‍ഥനകളും പൂജകളും നടത്തുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകളുണ്ടാകും. ഓരോ സമുദായത്തിന്റെയും ആചാരങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രാര്‍ഥനകളാകും നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കിയ മോദി നയത്തെ പ്രശംസിച്ച്‌ വാക്‌സിന്‍ കേന്ദ്രങ്ങളിലും സൗജന്യ റേഷന്‍ നല്‍കുന്ന കേന്ദ്ര സര്‍കാരിനെ പ്രശംസിച്ച്‌ പൊതുവിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നിലും പരിപാടികള്‍ സംഘടിപ്പിക്കും.

സമൂഹത്തിലെ വിവിധ തലത്തിലുള്ള ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സാംസ്‌കാരികനായകര്‍, സിനിമാ പ്രവര്‍ത്തകര്‍, കലാകായികരംഗത്തെ പ്രമുഖര്‍, മത സാമുദായികാചാര്യരും നേതാക്കളും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ജന്മദിനാഘോഷപരിപാടികളില്‍ പങ്കാളികളാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.