ആലപ്പുഴ: ഗുരുതര വീഴ്ചകള്‍ തുടര്‍ക്കഥയാകുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജ് ക്യാമ്ബസില്‍ വെച്ചാണ് യോഗം നടന്നത്.

മെഡിക്കല്‍ കോളേജിലെ വീഴ്ചകളെ പറ്റി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരാനുണ്ട്. വീഴ്ചകള്‍ കണ്ടെത്തിയാല്‍ ഉചിതമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ വിഭാഗത്തിലെ ചികിത്സ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും.

ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് എല്ലാ പ്രശ്‌നങ്ങളും തീര്‍പ്പാക്കി ആവശ്യമായ മാറ്റങ്ങള്‍ ആശുപത്രിയില്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം നല്‍കിയ സംഭവം വിവാദം സൃഷ്ടിച്ചിരുന്നു. കായംകുളം പള്ളിക്കല്‍ സ്വദേശിയായ രമണന്‍ കൊറോണ ബാധിച്ച്‌ മരിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ ഇയാള്‍ ജീവനോടെയുണ്ടായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുകള്‍ എത്തിയപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്. മെഡിക്കല്‍ കോളേജിനെതിരേ ഗുരുതര വീഴ്ചകള്‍ ഉന്നയിക്കുന്നത് ഇതാദ്യമായല്ല. കൊറോണ രോഗി മരിച്ചു എന്ന വിവരം വീട്ടുകാരെ കൃത്യമായി അറിയിച്ചില്ലെന്ന് ഉന്നയിച്ച്‌ ഇതിനു മുന്‍പും വിവാദങ്ങല്‍ ഉണ്ടായിട്ടുണ്ട്.