ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ യമുന എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച പുലര്‍ച്ചെ 6.45നായിരുന്നു അപകടം.

ആഗ്ര- നോയിഡ ലൈനില്‍ വരികയായിരുന്ന ടൊയോട്ട ഇന്നോവ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. മൂന്നുപേര്‍ സംഭവസ്ഥലത്തും ഒരാളെ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു.

എക്‌സ്പ്രസ് വേയിലെ സീറോ പോയിന്റിന് ഒന്നര കിലോമീറ്റര്‍ മുമ്ബാണ് അപകടമുണ്ടായതെന്ന് പോലിസ് വക്താവ് പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു. ആഗ്ര, ഗാസിയാബാദ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മരണപ്പെട്ടവര്‍. പരിക്കേറ്റയാള്‍ ഫരീദാബാദ് സ്വദേശിയാണ്.