ഹരാരെ: സിംബാബ്​വെയുടെ മുന്‍ നായകനും വിക്കറ്റ്​ കീപ്പര്‍ ബാറ്റ്​സ്​മാനുമായ ബ്രണ്ടന്‍ ടെയ്​ലര്‍ ക്രിക്കറ്റില്‍ നിന്ന്​ വിരമിച്ചു. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്ബരക്കിടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.

‘ഹൃദയവേദനയോടെ ഞാന്‍ പ്രഖ്യാപിക്കുന്നു, ഞാന്‍ ഏറ്റവും സ്​നേഹിക്കുന്ന എന്‍റെ രാജ്യത്തിനായി കളിക്കുന്ന അവസാന മത്സരമാകും നാളെ’-ടെയ്​ലര്‍ ഞായറാഴ്​ച സാമൂഹിക മാധ്യമത്തില്‍ എഴുതി.

17 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ 34 ടെസ്റ്റ്​, 204 ഏകദിനം, 45 ട്വന്‍റി20 മത്സരങ്ങളില്‍ സിംബാബ്​വെ ജഴ്​സിയണിഞ്ഞു. തിങ്കളാഴ്ച 205ാം ഏകദിനം കളിച്ച ശേഷം ടെയ്​ലര്‍ ക്രിക്കറ്റില്‍ നിന്ന്​ വിടപറയും. ഏകദിനത്തില്‍ താരം 6677 റണ്‍സ്​ ഇതുവരെ സ്​കോര്‍ ചെയ്​തിട്ടുണ്ട്​. ടെസ്റ്റില്‍ 2320ഉം ട്വന്‍റി20യില്‍ 934 റണ്‍സുമാണ്​ സമ്ബാദ്യം.

ഏകദിനത്തിലെ സിംബാബ്​വെയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ്​ താരം.​ 213 മത്സരങ്ങളില്‍ നിന്ന്​ 6786 റണ്‍സ്​ സ്​കോര്‍ ചെയ്​ത ആന്‍ഡി ഫ്ലവറാണ്​ മുന്നില്‍. അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടാനായാല്‍ ഒന്നാമനായി ടെയ്​ലര്‍ക്ക്​ പാഡ്​ അഴ​ിക്കാം. 11 ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്​.

2011 മുതല്‍ 2014 വരെ സിംബാബ്​വെ ടീമിന്‍റെ നായകനായിരുന്നു. 2015 ലോകകപ്പില്‍ രാജ്യത്തിന്‍റെ ടോപ്​സ്​കോററായി. ശേഷം അന്താരാഷ്​ട്ര ക്രിക്കറ്റില്‍ നിന്ന്​ അവധിയെടുത്ത്​ കൗണ്ടി ക്രിക്കറ്റില്‍ നോട്ടിങ്​ഹാംഷെയറിനായി കളിച്ചു. ഈ വര്‍ഷം തുടക്കത്തില്‍ സിംബാബ്​വെ നായകനായി തിരിച്ചെത്തിയെങ്കിലും ട്വന്‍റി20 ലോകകപ്പിന്​ തൊട്ടുമുമ്ബായി വിരമിച്ചിരിക്കുകയാണ്​.