ന്യൂഡല്‍ഹി: പെഗാസസ്  ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച്‌ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അതേസമയം, നിയമവിരുദ്ധമായി ഫോണ്‍ചോര്‍ത്തല്‍ നടന്നോ എന്ന് പരിശാേധിക്കുമെന്നും കോടതി പറഞ്ഞു. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്‌മൂലത്തില്‍ പറയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതോടെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

ചോര്‍ത്തല്‍ നടന്നോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ദ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച്‌ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്രത്തിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് ഹര്‍ജിക്കാരന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നേരത്തെ രണ്ടുതവണ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടിരുന്നു.

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഇപ്പോഴത്തെ നിയമസംവിധാനത്തില്‍ പ്രായോഗികമായി നടന്നിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ നിയമപരമായ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി തന്നെ നേരത്തേ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നതാണ്. അതേസമയം കേസ് കോടതി ഉത്തരവിനായി മാറ്റി.