ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിന് അതിഗംഭീരമായ തുടക്കം തന്നെയാണ് കുറിച്ചിരിക്കുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യുണൈറ്റഡ് ജേഴ്‌സിയില്‍ വീണ്ടും കളത്തിലിറങ്ങിയ താരം ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ഇരട്ട ഗോളുകള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

റൊണാള്‍ഡോ യുണൈറ്റഡില്‍ എത്തിയതിന്റെ ഉന്മേഷം അവരുടെ താരങ്ങളിലും പ്രകടമായിരുന്നു. സൂപ്പര്‍ താരത്തിന്റെ രണ്ടാം വരവിന് മികച്ച തുടക്കം നല്‍കാന്‍ മറ്റ് യുണൈറ്റഡ് താരങ്ങളും പറന്ന് കളിച്ചതോടെ ന്യൂകാസിലിനെതിരെ 4-1 എന്ന സ്കോറിനാണ് യുണൈറ്റഡ് ജയം നേടിയത്.

നേരത്തെ, ഇറ്റാലിയന്‍ ടീമായ യുവന്റസിനോട് വിടപറഞ്ഞ താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അവസാന നിമിഷം നടന്ന അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിടുന്നതിന് ധാരണയായത്. റൊണാള്‍ഡോയെ യുണൈറ്റഡിലേക്ക് എത്തിക്കുന്നതില്‍ ക്ലബിന്റെ ഇതിഹാസ പരിശീലകനായ സര്‍ അലക്സ് ഫെര്‍ഗൂസന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുണൈറ്റഡില്‍ എത്തിയ ശേഷം നടന്ന ഒരു അഭുമുഖത്തില്‍ ഫെര്‍ഗൂസന്‍ തന്നെ വിളിച്ചു സംസാരിച്ചിരുന്നതായി റൊണാള്‍ഡോയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഫെര്‍ഗൂസന്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ റൊണാള്‍ഡോയുടെ കൂടുമാറ്റത്തെ കുറിച്ചുള്ള കാര്യത്തില്‍ തന്റെ പങ്കിനെ കുറിച്ചുള്ള കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഫെര്‍ഗൂസന്‍.

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ കളിക്കുക എന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓരോ ആരാധകര്‍ക്കും ഇതേ വികാരം തന്നെയാണ് പങ്കുവയ്ക്കാന്‍ ഉണ്ടാവുക എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ താനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്നേഹിക്കുന്ന പലരും റൊണാള്‍ഡോയെ തിരികെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാന്‍ മുന്‍കൈ എടുത്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. റൊണാള്‍ഡോയെ വീണ്ടും യുണൈറ്റഡ് ജേഴ്സിയില്‍ കാണുന്നത് ആവേശകരമായിരുന്നുവെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു.

ഇന്നലെ ന്യൂകാസിലിനെതിരായ യുണൈറ്റഡിന്റെ മത്സരം കാണാന്‍ ഫെര്‍ഗൂസനും ഓള്‍ഡ് ട്രാഫോഡില്‍ എത്തിയിരുന്നു. മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ അടിച്ചപ്പോള്‍ നിറഞ്ഞുചിരിക്കുന്ന ഫെര്‍ഗൂസന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2003ല്‍ സ്പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും യുണൈറ്റഡിലേക്ക് റൊണാള്‍ഡോയെ കൊണ്ടുവന്ന് അദ്ദേഹത്തെ ലോകമറിയുന്ന താരമായി വളര്‍ത്തി എടുത്തതില്‍ ഫെര്‍ഗൂസന് വലിയ പങ്കാണുള്ളത്. അതുകൊണ്ട് തന്നെ റൊണാള്‍ഡോ ഫെര്‍ഗൂസന് വലിയ ബഹുമാനമാണ് കൊടുക്കുന്നത്. യുണൈറ്റഡ് വിട്ട ശേഷവും റൊണാള്‍ഡോ ഫെര്‍ഗൂസനുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. ഒടുവില്‍ ഈ ഊഷ്മള ഗുരു – ശിഷ്യ ബന്ധമാണ് റൊണാള്‍ഡോയെ വീണ്ടും യുണൈറ്റഡ് ജേഴ്‌സിയില്‍ കാണാനുള്ള ഭാഗ്യം ആരാധകര്‍ക്ക് ഒരുക്കിക്കൊടുത്തത്.