ദമ്മാം: ഒറ്റ ഡോസ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ച്‌​ തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്​റ്റാറ്റസ്​ നേടിയെന്ന ധൈര്യത്തില്‍ സൗദിയിലേക്ക്​ വന്നവരെ ദമ്മാം വിമാനത്താവളത്തില്‍ നിന്ന്​ തിരിച്ചയച്ചു. കോവിഡ് ബാധിച്ച്‌​ ഭേദപ്പെട്ടവര്‍ക്ക്​ സ്വാഭാവിക പ്രതിരോധിശേഷി കൈവന്നതിനാല്‍​ കോവിഡ്​ വാക്​സിന്‍ ഒറ്റ ഡോസ് മാത്രം സ്വീകരിച്ചാല്‍ മതിയാകുമെന്ന് ആരോഗ്യവകുപ്പ്​ നിര്‍ദേശിക്കുന്നുണ്ടെങ്കിലും സൗദിയില്‍ പ്രവേശിക്കാന്‍ അത്​ മതിയാവില്ലെന്നാണ്​ കഴിഞ്ഞ ദിവസം ദമ്മാം വിമാനത്താവളത്തില്‍ നിന്ന്​ നിരവധി ഇന്ത്യാക്കാര്‍ നിന്ന്​ തിരിച്ചയക്കപ്പെട്ട സംഭവത്തില്‍ നിന്ന്​ മനസിലാകുന്നത്​.

ഇവരുടെ തവല്‍ക്കന സ്​റ്റാറ്റസില്‍ കോവിഡ് വാക്സിന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നും ഇമ്യൂണ്‍ സ്​റ്റാറ്റസുണ്ട്​ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്​. കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 15ഓളം പേരെയാണ്​ ദമ്മാം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയച്ചത്​. എന്നാല്‍ മറ്റൊരു എയര്‍ലൈന്‍ കമ്ബനിയുടെ വിമാനത്തില്‍ എത്തിയ ആശ്രിത വിസയിലുള്ള കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു.

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം പുറത്തുപോയവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവൂ എന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിച്ച്‌ ഭേദമായി സ്വാഭാവിക പ്രതിരോധ ശേഷി കൈവന്നവര്‍ ഒരു ഡോസ് വാക്സിന്‍ മാത്രമാണ് സ്വീകരിച്ചത്. ഇവര്‍ക്ക് ഇമ്യൂണ്‍ സ്​റ്റാറ്റസ് ലഭിച്ചിട്ടുണ്ടെങ്കിലും നേരിട്ട് പ്രവേശനം സാധ്യമ​െല്ലന്നാണ്​ ഇപ്പോള്‍ മനസിലാകുന്നത്​. ഇവരുടെ തവല്‍ക്കല്‍ന സ്​റ്റാറ്റസില്‍ രണ്ട് ഡോസുകളും ഒരേ തിയതിയില്‍ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സൗദിയിലെ എമിഗ്രേഷന്‍ സിസ്​റ്റത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നതാണ് ഇവരെ തിരിച്ചയക്കാന്‍ കാരണമായി അധികൃതര്‍ വിശദീകരിച്ചത്.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ഡോസുകളും നിശ്ചിത കാലാവധി കഴിഞ്ഞുള്ള തിയതികളില്‍ സ്വീകരിച്ചതായാണ് രേഖപ്പെടുത്തേണ്ടത്. ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും അതിനാല്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. ഇതറിയാതെ തിരുവന്തപുരത്ത് നിന്നെത്തിയ മൂന്ന് മലയാളികളേയും ബാംഗ്ലുര്‍, ഡള്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നെത്തിയ 12 പേരെയും ശനിയാഴ്​ച തിരിച്ചയച്ചു.

മുഖീം പോര്‍ട്ടലിലെ രജിസ്ട്രേഷന്‍ ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി സൂക്ഷ്​മ പരിശോധന നടത്തിയതിനുശേഷമാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ബോര്‍ഡിങ്​ പാസ് നല്‍കിയതെന്ന് തിരിച്ചയക്കപ്പെട്ട തിരുവന്തപുരം സ്വദേശി സിറാജുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് ഡോസ് സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം സാധ്യമാകൂ എന്ന് അധികൃതര്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടും അത് കൂട്ടാക്കാതെ യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച എയര്‍ലൈന്‍ അധികൃതരാണ് യഥാര്‍ഥ കുറ്റക്കാരെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ഒരു ഡോസ് മാത്രം സ്വീകരിച്ച്‌ ഇമ്യൂണ്‍ സ്​റ്റാറ്റസ് നേടിയവര്‍ രണ്ടാമത്തെ ഡോസ് കൂടി നേടിയിട്ട്​ മാത്രമേ യാത്രക്ക്​ മുതിരാവൂ എന്നാണ്​ ഈ അനുഭവത്തില്‍ നിന്നുള്ള പാഠം. സൗദിയില്‍ നിന്ന്​ ഒരു ഡോസ്​ വാക്​സിന്‍ സ്വീകരിച്ച്‌​ തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്​റ്റാറ്റസ്​ നേടി നാട്ടില്‍ പോയി​ തിരിച്ചുവരാന്‍ ഒരുങ്ങുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. ഇത്തരം ആളുകള്‍ സൗദിയുമായി യാത്രാവിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷമേ സൗദിയിലേക്ക്​ പ്രവേശിക്കാനാവൂ. ആയിരക്കിന് ആളുകളാണ് ഇതിനെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാതെ നാട്ടിലേക്ക് പോയിട്ടുള്ളത്.