ഡല്‍ഹി ചലോ പ്രക്ഷോഭം ഇന്ന് ബുറാഡി നിരങ്കാരി സംഗമം മൈതാനിയില്‍. ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതോടെ ആയിരകണക്കിന് കര്‍ഷകര്‍ പുലര്‍ച്ചയോടെ മൈതാനത്തെത്തി. അതേസമയം, ഹരിയാനയോട് ചേര്‍ന്നുകിടക്കുന്ന സിംഗു അതിര്‍ത്തി തുറക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല.

ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ ഇന്നലെ പൊലീസ് അയവ് വരുത്തിയിരുന്നു. തിക്രി അതിര്‍ത്തി വഴി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. അര്‍ധരാത്രിയോടെ കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ ബുറാഡി നിരങ്കാരി സംഗമം മൈതാനിയിലെത്തി. ഡല്‍ഹി പൊലീസ് അയഞ്ഞതോടെ ഹരിയാന- പഞ്ചാബ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആരെയും തടയില്ലെന്ന് അംബാല പൊലീസ് അറിയിച്ചു. അംബാല ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ നീക്കി. അതേസമയം, ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ വന്‍ പൊലീസ് സന്നാഹം തുടരുകയാണ്. രാംലീല മൈതാനത്തില്‍ പ്രതിഷേധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് കര്‍ഷകര്‍ ഇവിടെ തുടരുകയാണ്.