ന്യൂഡൽഹി: ശീതയുദ്ധകാലത്തെ നാറ്റോ സഖ്യത്തിന്റെ പസഫിക്കിലെ മുഖമാണ് ക്വാഡ് സഖ്യമെന്ന് എസ്.ജയശങ്കർ. ഇന്ത്യാ-ഓസ്‌ട്രേലിയ ദ്വിതല മന്ത്രാലയ സമ്മേളനത്തിലാണ് ജയശങ്കർ ക്വാഡ്‌സഖ്യത്തിന്റെ സമകാലിക പ്രസക്തി എടുത്തുപറഞ്ഞത്.

നാറ്റോ സഖ്യമെന്നത് കഴിഞ്ഞകാല സഖ്യങ്ങളിൽ ഗണിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ വരുകാലത്ത് ക്വാഡ് സഖ്യം നിർണ്ണായകമാണ്. പസഫിക്കിൽ ക്വാഡ്‌സഖ്യത്തിന്റെ ഭാഗമെന്ന നിലയിൽ മേഖലയിലെ ശാന്തിയും സമാധാനവും പുലരാൻ എല്ലാ പരിശ്രമവും ഇന്ത്യ നടത്തുമെന്നും ജയശങ്കർ പറഞ്ഞു.

ക്വാഡ് സഖ്യം നേരിടുന്നത് ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളാണ്. മാനുഷിക വിഷയമെന്ന നിലയിൽ കൊറോണ പ്രതിരോധവും വാക്‌സിനേഷനുമാണ് മുൻഗണന. മേഖലയിലെ വാണിജ്യരംഗത്തെ ചരക്കുനീക്കങ്ങൾ സുഗമായി നടക്കണം. ഇത്തരം വിഷയത്തിൽ നാറ്റോ സഖ്യത്തേക്കാൾ ക്വാഡ് സഖ്യത്തിനാണ് മേഖലയിൽ സാദ്ധ്യതയെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും ബന്ധം ഏറെ ശക്തമാക്കിയിട്ടുണ്ട്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ എല്ലാ മേഖലകളിലും ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം വർദ്ധിച്ചെന്നും ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പെയിൻ പറഞ്ഞു.