ഇസ്ലാമാബാദ്: താലിബാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി പാകിസ്താൻ. കാബൂളിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ അയച്ചുകൊണ്ടാണ് പാകിസ്താൻ കാബൂളുമായുള്ള ബന്ധം തെളിയിക്കുന്നത്.

‘കാബൂളിൽ നിന്നും നിരവധിപേർക്ക് മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യണ മെന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിദേശരാജ്യങ്ങളുടെ സേവനം അവരുടെ പൗരന്മാർക്ക് വേണ്ടിയാണ്. ഈ അവസരത്തിൽ കാബൂളിനായി സേവനം നൽകേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.’ പാകിസ്താൻ എയർലൈൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇസ്ലാമാബാദ് ഭരണകൂടത്തിന്റെ നീക്കം കാബൂളിനെ രണ്ടാം പാകിസ്താനായി കണ്ടുള്ളതാണെന്നാണ് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന സൂചന. കാബൂളിൽ നിന്നും സ്ഥിരം വിമാന സേവനം നടത്തുന്ന ആദ്യ വിദേശ രാജ്യമായി ഇതോടെ പാകിസ്താൻ മാറിയിരിക്കുകയാണ്.

നിലവിൽ താലിബാൻ നേതാക്കളുടെ ചികിത്സ, കുട്ടികളുടെ പഠനം എല്ലാം നടക്കുന്നത് പാകിസ്താനിലാണ്. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും താലിബാൻ നേതാക്കൾ വരുന്നതും പോകുന്നതും പാകിസ്താന്റെ കൂടെ സഹായത്താലാണ്. ഇതിന് പുറമേ രാഷ്‌ട്രീയ നേതൃത്വത്തിന് ഖത്തറിന്റേയും തുർക്കിയുടേയും സഹായം ലഭിക്കുന്നുമുണ്ട്.