സോൾ : കൊറോണ വാക്‌സിൻ നിർമ്മാണം ഹാക്ക് ചെയ്യാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെടുത്തി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയാണ് ഉത്തര കൊറിയയുടെ പരിശ്രമത്തെ മുട്ടുകുത്തിച്ചത്. ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലെ ഹാക്കർമാർ ഏഴ് കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു എന്ന വിവരം കഴിഞ്ഞ ആഴ്ചയാണ് മൈക്രോസോഫ്റ്റ് കമ്പനി പുറത്തുവിട്ടത്.

വാക്‌സിൻ നിർമ്മാണ കമ്പനികളെ തകർക്കാൻ ഉത്തര കൊറിയൻ സർക്കാർ നടത്തിയ പരിശ്രമം പരാജയപ്പെടുത്തിയ വിവരം ദക്ഷിണ കൊറിയൻ പാർലമെന്ററി ഇന്റലിജൻസ് കമ്മറ്റി അംഗമാണ് പുറത്തുവിട്ടത്. ദേശീയ രഹസ്യന്വേഷണ ഏജൻസിയുടെ അന്വേഷണത്തിലാണ് ഹാക്കർമാരെക്കുറിച്ച് സൂചന ലഭിച്ചത്. എന്നാൽ ഏത് കമ്പനിയെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.

കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനികളുടെ പ്രവർത്തനങ്ങൾ പരാജയപ്പെടുത്തുന്നതിലൂടെ ആ രാജ്യത്തെ തകർക്കുകയും രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് കൈക്കലാക്കുകയുമാണ് ശത്രുരാജ്യങ്ങളുടെ ലക്ഷ്യം. ദക്ഷിണ കൊറിയ, കാനഡ, ഫ്രാൻസ്, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളെലക്ഷ്യമിട്ടാണ് രാജ്യാന്തര ഹാക്കർമാർ പ്രവർത്തിക്കുന്നത് എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ ചൈനയിലെ ഹാക്കർമാർ അമേരിക്കൻ കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനിയായ മോഡേർണയുടെ ഡാറ്റകൾ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു.

ദക്ഷിണ കൊറിയയിൽ മൂന്നാം ഘട്ട കൊറോണ വ്യാപനം നടക്കുന്ന സാഹചര്യത്തിലാണ് ശത്രുരാജ്യങ്ങളുടെ ഇത്തരം നീക്കം. വെള്ളയാഴ്ച 569 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് 500 ൽ അധികം കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഇതിനോടകം 516 പേർ മരിച്ചു.