കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ ആന്വേഷണം ആവശ്യപ്പെട്ട് പരാതി. ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടിമറിച്ചുവെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. പൊതുപ്രവര്‍ത്തകനായ ടി.ജി മോഹന്‍ദാസാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്കും കൈമാറി. അഴിമതി വെളിച്ചത്തു വരുന്നത് ഗൂഢാലോചനയിലൂടെ ഇല്ലാതാക്കിയെന്നാണ് പരാതിയിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ടിവി ചാനലുകള്‍ വഴി 2020 നവംബര്‍ 23ന് ബാറുടമ ബിജു രമേശ് ഒരു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ബാര്‍ കോഴക്കേസ് ഇല്ലാതാകുന്നതിന് കാരണം മുഖ്യമന്ത്രി ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കുറ്റാരോപിതനായ കെ.എം മാണി സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയോട് സംസാരിക്കുകയും ചെയ്‌തെന്നും ഇരുവരുടെയും സംഭാഷണത്തിന് ശേഷം ഇനി അന്വേഷണവുമായി മുന്നോട്ട് പോകേണ്ടെന്ന് പോലീസ് ആസ്ഥാനത്തേക്ക് പിണറായി വിജയന്‍ ഉത്തരവ് നല്‍കുകയും ചെയ്‌തെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

നിയമം സംരക്ഷിക്കുകയും നാട്ടില്‍ നിയമ വാഴ്ച ഉറപ്പ് വരുത്തുകയും ചെയ്യേണ്ട മുഖ്യമന്ത്രി തന്നെ നഗ്‌നമായി നിയമം ലംഘിക്കുകയാണ്. അഴിമതി കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് ചട്ടലംഘനവും ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ്. അധികാര ദുര്‍വിനിയോഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചട്ടപ്രകാരം കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ടി.ജി മോഹന്‍ദാസ് നല്‍കിയ പരാതിയില്‍ പറയുന്നു. ബിജു രമേശിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ലിങ്കും തെളിവായി ഹാജരാക്കിയിട്ടുണ്ട്.