ഗുരുവായൂര്‍: നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമര്‍പ്പിച്ചും അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ടും ചലച്ചിത്രതാരം മോഹന്‍ലാന്‍ ഗുരുവായൂരപ്പനെ മനം നിറയെ വണങ്ങി. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് നിര്‍മാല്യവും വാകച്ചാര്‍ത്തും തൊഴാന്‍ മോഹന്‍ലാല്‍ എത്തിയത്.

സര്‍വവും മറന്ന് കണ്ണനെ തൊഴുതുനില്‍ക്കുമ്ബോള്‍ സോപാനശൈലിയില്‍ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ഉയര്‍ന്നു. യുവ സോപാനഗായകന്‍ രാമകൃഷ്ണയ്യരുടെ ആ നാദമാധുരി ലാലിനെ ഏറെ ആകര്‍ഷിച്ചു. പാടിക്കഴിയുന്നതുവരെ കേട്ടുനിന്ന അദ്ദേഹം ഗായകനെ അഭിനന്ദിച്ച്‌ ദക്ഷിണ സമര്‍പ്പിക്കുകയും ചെയ്തു. ഗുരുവായൂരപ്പനെ തൊഴുതിട്ട് ഏറെ കാലമായെന്നും ഇപ്പോള്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ലാല്‍ പറഞ്ഞു.