തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിപിഎം. എത്ര വൈകിയാലും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നും ഹാജരാകാതിരിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ.

വ്യക്തമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ ഹാജരാകാതിരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റിന്റെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് രവീന്ദ്രനോട് സിപിഎം നിർദ്ദേശിച്ചത്. പാർട്ടി നിർ‌ദ്ദേശത്തിനു പിന്നാലെയാണ് രവീന്ദ്രൻ ആശുപത്രിവിട്ടതെന്നാണ് സൂചന.

കൊറോണാനന്തര ചികിത്സകൾക്കായി രണ്ട് ദിവസം മുൻപാണ് സി.എം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെൻ്റ്  ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സി.എം രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്.