കൊച്ചി: ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്കെതിരെ സമസ്ത രംഗത്ത്. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച്‌ കൂട്ടിലടക്കണമെന്ന് ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ വെല്ലുവിളിച്ചു.

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്ന് പാലാ ബിഷപ്പ് വ്യക്തമാക്കിയത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷബ് ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്.

അമുസ്ലീങ്ങളെ പ്രത്യേകിച്ച്‌ പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്ബില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു.

ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികള്‍ വലവിരിച്ചുവെന്ന് തിരിച്ചറിയണം. നാം ഒരുപാട് വൈകിപ്പോയി. ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച്‌ ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിഷിപ്ത താത്പര്യമുണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു. മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട്. ഹലാല്‍ വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു.