ന്യൂഡൽഹി: രാജ്യത്തെ വാക്‌സിനേഷൻ ക്യാമ്പെയിൻ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്ന് വിലയിരുത്തി സുപ്രീം കോടതി. അറുപത് ശതമാനത്തോളം ആളുകൾക്ക് ആദ്യ ഡോസ് കുത്തിവെപ്പ് നടത്തിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള വാക്‌സിനേഷൻ നയത്തെ പുതിയ ഉത്തരവുകൾ ബാധിക്കരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വീടുകൾ തോറും കയറിയുള്ള വാക്‌സിനേഷൻ പ്രോഗ്രാമിന് അനുമതി ചോദിച്ചുകൊണ്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ലഡാക്കിലെയും കേരളത്തിലെയും സ്ഥിതിഗതികൾ വ്യത്യസ്തമാണ്. നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിലും വ്യത്യാസമുണ്ട്. രാജ്യത്ത് ഓരോ പ്രദേശങ്ങളും ഓരോ പ്രശ്‌നങ്ങളാണ് നേരിടുന്നത്. അതിനാൽ എല്ലാ സംസ്ഥാനങ്ങളിലും വീടുകൾ തോറും കയറിയുള്ള വാക്‌സിനേഷൻ നടത്താൻ ഉത്തരവിടാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

രാജ്യത്ത് വാക്‌സിനേഷൻ പ്രക്രിയ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ജനസംഖ്യയുടെ 60 ശതമാനം ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. കോടതി അത് നിരീക്ഷിച്ചുവരികയാണ്. ഈ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ സമ്മർദ്ദത്തിലാണെന്നും കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള നയം നമുക്ക് ഒഴിവാക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ സംസ്ഥാനങ്ങളിലും വീടുകൾ തോറും കയറി വാക്‌സിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയത്തെ സമീപിക്കാൻ സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചു.