ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 280 മണ്ഡലങ്ങളിലേക്ക് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. എട്ട് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പിൽ ആകെ ജനവിധി തേടുന്നത് 1,427 സ്ഥാനാർത്ഥികളാണ്. ഡിസംബർ 19 വരെയാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 22 നാണ് ഫലപ്രഖ്യാപനം.

തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ ഇന്ന് 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് തെരഞ്ഞെടുപ്പ്. 7 ലക്ഷം ആളുകൾ കശ്മീരിൽ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കശ്മീർ താഴ്വരയിലെ 25 ഉം, ജമ്മുവിലെ 18 ഉം മണ്ഡലങ്ങളിലായി ആകെ 296 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും വോട്ടെടുപ്പ്. 2,146 പോളിംഗ് സ്റ്റേഷനാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജമ്മു കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. പോളിംഗ് ബൂത്തുകളിൽ പോലീസിനേയും അർദ്ധ സൈനിക വിഭാഗത്തേയും ദ്രുത കർമ്മ സേനയേയും വിന്യസിച്ചിട്ടുണ്ട്.