കോട്ടയം: കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച്‌ 12 വയസ്സുകാരന്‍ മരിച്ചതോടെ വവ്വാലുകളുടെ സാന്നിദ്ധ്യം ജനങ്ങളില്‍ ആശങ്ക കൂട്ടുകയാണ്. തിരുവല്ല നഗരമദ്ധ്യത്തിലുള്ള വവ്വാലുകളുടെ താവളം ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുകയാണ്. നഗരമദ്ധ്യത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണിത്. തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് എതിര്‍ വശത്താണ് സെന്റ് ജോര്‍ജ് സിറ്റി സെന്റര്‍ എന്ന അഞ്ചു നില കെട്ടിടം.

പത്ത് വര്‍ഷത്തില്‍ അധികമായി ഇവിടം ഒഴിഞ്ഞു കിടക്കുകയാണ്. പാര്‍ക്കിംഗ് സൗകര്യമില്ലാതെ കെട്ടിടം നിര്‍മ്മിച്ചതിനാല്‍ നഗരസഭ കെട്ടിട നമ്ബര്‍ നല്‍കിയില്ല. ഒരിക്കലും തുറന്നിട്ടില്ലാത്ത കടകളുടെ അകത്തെല്ലാം വവ്വാലുകളാണ്, ഷട്ടറുകളിലും നിലത്തുമെല്ലാം വവ്വാലിന്റെ കാഷ്ടമാണ്. ഒരു ഹോട്ടല്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ ഇവയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. വൃത്തിഹീനമാണ് കെട്ടിടത്തിന്റെ ഉള്‍ഭാഗം. കോഴിക്കോട് നിപ്പ വാര്‍ത്ത സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികള്‍ ഭീതിയിലായിരിക്കുന്നത്.

അതേസമയം മൂന്നാം വര്‍ഷവും സംസ്ഥാനത്ത് നിപ്പ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2018 മെയിലാണ് ആദ്യമായി നിപ്പ വൈറസ് കോഴിക്കോട് ചങ്ങരോത്ത് സ്ഥിരീകരിക്കുന്നത്. 2019ല്‍ എണണാകുളം പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌ മരിച്ചത്.