തിരുവനന്തപുരം: സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാര്‍ട്ടിക്ക്​ ജാഗ്രതകുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാര്‍ട്ടിക്ക്​ തെറ്റുപറ്റിയെന്ന്​ സംസ്​ഥാന സെക്രട്ടറി തന്നെ തുറന്ന്​ സമ്മതിക്കുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ സര്‍ക്കാറില്‍ പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്നായിരുന്നു അദ്ദേഹത്തി​െന്‍റ മറുപടി. ഏതെങ്കിലും വ്യക്തിക്കോ ഉപദേശകര്‍ക്കോ തെറ്റുപറ്റിയെന്ന് വ്യാഖ്യാനിക്കേണ്ട എന്നും പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയ പൊലീസ്​ നിയമ ഭേദഗതി, വലിയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സംസ്​ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, നിയമഭേദഗതിയില്‍ വീഴ്​ച പറ്റിയതായി പാര്‍ട്ടിയോ സര്‍ക്കാറോ തുറന്ന്​ സമ്മതിച്ചിരുന്നില്ല. പുരോഗമന ആശയങ്ങള്‍ പങ്കുവെക്കുന്നവര്‍ പോലും വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കില്ലെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി അറിയിച്ചിരുന്നത്​. പിന്നീട്​ നിയമം പിന്‍വലിക്കാന്‍ തയാറാകുകയും നിയമസഭയില്‍ ചര്‍ച്ച ചെയ്​ത്​ തുടര്‍നടപടി എടുക്കുമെന്ന്​ അറിയിക്കുകയും ചെയ്​തിരുന്നു. ആദ്യമായാണ്​ പാര്‍ട്ടിക്ക്​ ജാഗ്രതക്കുറവുണ്ടായതായി സി.പി.എം സംസ്​ഥാന സെക്രട്ടറി സമ്മതിക്കുന്നത്​.

പാര്‍ട്ടിക്ക് ആകെ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി. ശരിയായ തീരുമാനം എടുത്തതിനാല്‍ ഇനി ആ ചര്‍ച്ചയും വിവാദവും വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.