ദില്ലി: കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രം ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. സമരം ഉപേക്ഷിക്കണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. ബുറാഡിയില്‍ എത്തുന്ന കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമരത്തിനായി എത്തുന്ന കര്‍ഷകര്‍ക്ക് വെള്ളവും, ശുചി മുറികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തുടങ്ങിയ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.
ദില്ലി ഹരിയാന അതിര്‍ത്തിയായ സിംഗുവുല്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ രാവിലെ മുതല്‍ പലതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കര്‍ഷകര്‍ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു. ഉച്ചക്ക് ശേഷം രണ്ടുമണിയോടെ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ക്ക് അരുകിലേക്ക് ഇരച്ചുനീങ്ങി. ബാരിക്കേഡുകളും കോണ്‍ക്രീറ്റ് പാളികളും തള്ളിമാറ്റി പൊലീസിന് നേരെ നീങ്ങിയതോടെ ഒരു മണിക്കൂറോളം ദില്ലി-ഹരിയാന അതിര്‍ത്തി യുദ്ധക്കളമായി. സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചതോടെ പൊലീസിന് കല്ലേറ് തുടങ്ങി. പൊലീസും തിരിച്ച് കല്ലെറിഞ്ഞു. ഇതിനിടെ റോഡിന് കുറുകെ പൊലീസ് നിര്‍ത്തിയിട്ട മണ്ണ് നിറച്ച ഒരു ട്രക് സമരക്കാര്‍ കയ്യടക്കി.