തിരുവനന്തപുരം:രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാര്‍ ഉടമകള്‍ പണം നല്‍കിയെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്. അതീവ ഗൗരവതരമായ വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരത്തില്‍ ഒട്ടനവധി കോഴയിടപാട് അരങ്ങേറിയെന്നാണ് ഇത് തെളിയിക്കുന്നത്. 25 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അന്നത്തെ മന്ത്രിയായിരുന്ന കെ ബാബുവിന്‍റെ നിര്‍ദേശപ്രകാരം വീതം വെച്ച്‌ നല്‍കിയെന്നാണ് ബിജുരമേശ് പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മന്ത്രിമാരുടെയും കള്ളപ്പണ ഇടപാടുകള്‍ അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഡിഎഫ് എംഎല്‍എമാരായ പിടി തോമസും കെഎം ഷാജിയും കള്ളപ്പണ ഇടപാടിന്‍റെ അന്വേഷണ പരിധിയില്‍ വന്നു കഴിഞ്ഞു. അനധികൃത സ്വത്ത് സംബന്ധിച്ച കേസില്‍ കെ ബാബുവിനെതിരായ കേസ് വിചാരണയിലാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ വികെ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനും പ്രതിക്കൂട്ടിലാണ്. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനുമെതിരായ വെളിപ്പെടുത്തലുകള്‍. ഇക്കാര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണവും നിയമനടപടികളും നടത്തേണ്ടത് അത്യാവശ്യമാണെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.