തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ നെയ്യാര്‍ ഡാം സ്റ്റേഷനില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. മദ്യലഹരിയിലാണ് എന്ന് പറ‌ഞ്ഞാണ് ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ അപമാനിച്ചതെന്ന് പരാതിക്കാരനായ സുദേവന്‍ പറഞ്ഞു.

സുദേവനെ അപമാനിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഡിജിപി ഇടപെട്ട് ഉദ്യോഗസ്ഥനെ ഇന്നലെ തന്നെ സ്ഥലം മാറ്റിയിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തത് അന്വേഷിക്കാനായിരുന്നു കള്ളിക്കാട് സ്വദേശി സുദേവന്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനോട് നെയ്യാ‌ര്‍ ഡാം പൊലീസ് മോശമായി പെരുമാറുകയായിരുന്നു. ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്