കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ്. ഹാരിസിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കളമശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ഇല്ലെന്ന കണ്ടെത്തല്‍. ഇക്കാര്യം പൊലീസ് ഹാരിസിന്റെ ബന്ധുക്കളെ രേഖാമൂലം അറിയിച്ചു.

എന്നാല്‍ പൊലീസ് നടപടി ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിന്റെ കുടുംബം ആരോപിച്ചു. ഡിജിറ്റല്‍ തെളിവ് പൊലീസ് ശേഖരിച്ചിട്ടില്ല. സൂം മീറ്റിംഗ് വിശദാംശങ്ങളോ, ഓഡിയോ സന്ദേശം സംബന്ധിച്ച വിവരങ്ങളോ പൊലീസ് ശേഖരിച്ചില്ല. ഇത് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു.