പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നീക്കം ആശങ്ക ഉളവാക്കുന്നതായി ഭക്തര്‍. നിലവില്‍ മുന്‍തീര്‍ത്ഥാടനക്കാലങ്ങളെ അപേക്ഷിച്ച്‌ പരിമിതമായ എണ്ണം ഭക്തര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഭക്തരുടെ എണ്ണം ദിനംപ്രതി ആയിരവും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരട്ടിയുമായി നിജപ്പെടുത്തിയത്.

എന്നാല്‍ ഇപ്പോഴും വെര്‍ച്വല്‍ക്യൂ മുഖാന്തിരം ബുക്കു ചെയ്യുന്ന ഭക്തര്‍ പോലും സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ തീര്‍ത്ഥാടകരെപ്പോലും നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്ഥാടകസംഘമായി എത്തുന്നവരിലാണ് ഇത്തരത്തില്‍ കൊവിഡ് രോഗബാധയുള്ളവരെ കണ്ടെത്തുന്നത്. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ദിവസങ്ങളോളം യാത്ര ചെയ്തുവരുന്ന രോഗബാധിതര്‍ അവര്‍ യാത്രാവഴിയില്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളിലും, ഭക്ഷണം കഴിക്കുന്നിടങ്ങളിലുമൊക്കെ കൊവിഡ് രോഗം പകരാനിടയാക്കും. പരിമിതമായ ആളുകള്‍ വന്നപ്പോള്‍തന്നെ ദിവസവും പരിശോധനയില്‍ മൂന്നുംനാലും പേരെ രോഗബാധിതരായി കണ്ടെത്തുന്നുണ്ട്. അപ്പോള്‍ ദിനംപ്രതി ആയിരങ്ങള്‍ തീര്‍ത്ഥാടനത്തിനെത്തിയാല്‍ സ്ഥിതികൂടുതല്‍ ഗൗരവമുള്ളതാകും എന്നാണ് ഭക്തര്‍ പറയുന്നത്.

നിലവില്‍ നിലയ്ക്കലിലും മറ്റും നടത്തുന്ന കൊവിഡ് ടെസ്റ്റ്‌കൊണ്ട് രോഗബാധിതരെ മുഴുവനായും കണ്ടെത്താനാകില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുന്നു. റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കൊവിഡ്് രോഗമുള്ള മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ കഴിയില്ല. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട് അസുഖം ഇല്ല എന്ന് അര്‍ഥമില്ല. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും രോഗവാഹകര്‍ ആയേക്കാം. ഈ പശ്ചാത്തലത്തില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണ് എന്ന് കരുതി കൊവിഡ് പ്രോട്ടോകോളില്‍ അലംഭാവം കാട്ടാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം കൂടുതല്‍ തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ എത്തിയാല്‍ ദര്‍ശനമൊരുക്കുന്നതിന് പൂര്‍ണ സജ്ജമാണെന്ന് ശബരിമല എഡിഎം അരുണ്‍. കെ. വിജയന്റെ സാന്നിധ്യത്തില്‍ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗം വിലയിരുത്തുന്നു. എന്നാല്‍ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളനിവേദ്യം, ശര്‍ക്കരപായസംകൗണ്ടറില്‍ ജോലിചെയ്തിരുന്ന ദിവസവേതനക്കാര്‍രണ്ടുപേര്‍ കോവിഡ് രോഗബാധിതരാണെന്ന് കണ്ടെത്തി. ഇവരെ സന്നിധാനത്തുനിന്നു മാറ്റിയെങ്കിലും രോഗബാധകണ്ടെത്തുന്നതിനുമുമ്ബുവരെ ഇവര്‍ ഇടപെട്ട തീര്‍ത്ഥാടകര്‍ അടക്കം എത്രപേരിലേക്ക് രോഗം പകര്‍ന്നിരിക്കാം എന്ന ആശങ്ക നിലനില്‍ക്കുന്നു. നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന കഴിഞ്ഞ് സന്നിധാനത്ത് എത്തിയ ഭക്തരിലും രോഗബാധിതര്‍ ഉണ്ടോ എന്ന സംശയവും ഉയരുന്നു. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുമ്ബോള്‍ തന്നെ കൂടുതല്‍ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് ദര്‍ശനത്തിനനുവദിക്കുന്നത് ആശാവഹമല്ലെന്നാണ് ഭക്തരും പറയുന്നത്.

സന്നിധാനത്ത് കൊവിഡ് സ്ഥിരീകരിച്ച താല്‍ക്കാലിക ജീവനക്കാരനെയും പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളവരേയും ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിച്ച്‌ എഫ്‌എല്‍ടിസിയിലേക്കു മാറ്റാനും ഇവരുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈന്‍ ചെയ്യാനും നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് എഡിഎമ്മും പോലീസ് സ്പെഷല്‍ ഓഫീസറും പറയുന്നത്. സന്നിധാനത്ത് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആവശ്യമായ മുന്‍കരുതലും തുടര്‍ നടപടികളും കൈക്കൊണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദും പറഞ്ഞു.