ചെന്നൈ: കഴിഞ്ഞ ദിവസം രാത്രിയോടെ തിരം തൊട്ട നിവാര്‍ ചുഴലിക്കാറ്റില്‍ അകപ്പെട്ട് തമിഴ്‌നാട്ടില്‍ മൂന്ന് മരണം. വ്യാപക നാശനഷ്ടമാണ് കാറ്റിലും മഴയിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്. പുതുച്ചേരി മേഖലയിലും സമാന അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. 120 മുതല്‍ 130 വരെ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശിയത്.

അതേസമയം, നിവാര്‍ ചുഴലിക്കാറ്റ് നേരിടുന്ന തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഇരുസംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചതിന് ശേഷമാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.

കടലൂരില്‍ നിന്ന് തെക്കുകിഴക്കുളള കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടത്. കടലൂരില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വേദാരണ്യത്തും വില്ലുപുരത്തും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാറ്റില്‍ വൈദ്യുതി പോസ്റ്റ് വീണാണ് വേദാരണ്യത്ത് ഒരാള്‍ മരണപ്പെട്ടത്. കനത്ത മഴയില്‍ വീട് തകര്‍ന്ന് വില്ലുപുരത്താണ് ഒരാള്‍ മരിച്ചു.

മരിച്ച മൂന്നാമത്തെ ആളെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല. ആകെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് അഡിഷണല്‍ ചീഫ് സെക്രട്ടറി അതുല്യ മിശ്ര അറിയിച്ചു. 101 കുടിലുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആകെ 380 ഓളം മരങ്ങള്‍ കാറ്റില്‍ തകര്‍ന്നു വീണിട്ടുണ്ട്. ആത്യാവശ്യം വേണ്ട സ്ഥാപനങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.