ഷാര്‍ജ: കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ അമല്‍ (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്.

കുടുംബത്തിനൊപ്പം കടലില്‍ കുളിക്കവെയാണ് അപകടമുണ്ടായത്. കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായിരുന്നു. ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടുപോയ അമലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാന്‍ കഴിഞ്ഞില്ല.