ഇന്നലെ അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരവുമായി ഇറ്റാലിയന്‍ ക്ലബ് നാപ്പോളി. ക്ലബിന്‍്റെ സ്റ്റേഡിയമായ ‘സ്റ്റേഡിയോ സാന്‍ പാവോലോ’യുടെ പേര് മാറ്റി മറഡോണയുടെ പേര് നല്‍കാനാണ് ക്ലബ് ആലോചിക്കുന്നത്. പേര് മാറ്റുന്നത് ആലോചിക്കുന്നുണ്ടെന്നും ഉടന്‍ തീരുമാനം എടുക്കുമെന്നും ക്ലബ് പ്രസിഡന്‍്റ് ഓറേലിയോ ഡെ ലോറന്‍്റിസ് പറഞ്ഞു. നേപ്പിള്‍സ് മേയറും ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ലബ് കരിയറില്‍ മറഡോണ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചത് നാപ്പോളിക്ക് വേണ്ടിയായിരുന്നു. 1984ല്‍ നാപ്പോളി കരിയര്‍ ആരംഭിച്ച അദ്ദേഹം 188 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ക്ലബിനായി 81 ഗോളുകളും നേടി.

ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരണമടഞ്ഞു എന്ന് അര്‍ജന്‍്റൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് ഒരു സുപ്രധാന ബ്രെയിന്‍ സര്‍ജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിന്‍്റെ പശ്ചാത്തലത്തില്‍ അര്‍ജന്‍്റീനയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

ലയണല്‍ മെസി, ക്രിസ്ത്യാനോ റൊണാള്‍ഡോ, പെലെ, നെയ്മര്‍, വിരാട് കോലി, സൗരവ് ഗാംഗുലി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഫുട്ബോള്‍ ഇതിഹാസത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.