തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതിയില്‍ വീണ്ടും വിചാരണ ആരംഭിച്ചു. സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് തോമസിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നു പ്രാരംഭ അന്വേഷണ ഘട്ടത്തില്‍ തന്നെ മനസ്സിലായതായി അദ്ദേഹം മൊഴി നല്‍കി.

എസ്‌പി ത്യാഗരാജന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വിആര്‍എസ് വാങ്ങി സര്‍വീസ് വിട്ടതെന്നും വര്‍ഗീസ് തോമസ് പറഞ്ഞു. ഹൈക്കോടതിയില്‍ കേസുകള്‍ കാരണം നിര്‍ത്തിവച്ച വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്.

നേരത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ തിരുമാനം. വിചാരണയ്ക്ക് വിഡിയോ കോണ്‍ഫറന്‍സിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.