നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ചും സര്‍ക്കാര്‍ മറുപടി നല്‍കും.
വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന് ആവശ്യം ഹൈക്കോടതി തളളിയതിനാല്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
ഇക്കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.
കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി മാറ്റണമെന്ന് കാണിച്ച സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് പോലും കോടതി അനുവാദം നല്കി. സ്വഭാവശുദ്ധിയെ പറ്റിയുള്ള ചോദ്യങ്ങള്‍ പോലും അനുവദിക്കപ്പെട്ടു. 40ലധികം അഭിഭാഷകര്‍ വിചാരണ നടക്കുമ്ബോള്‍ കോടതി മുറിയിലുണ്ടായി. പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹര്‍ജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഹൈക്കോടതി.