സാവോ പോളോ: ഫുട്‌ബോള്‍ താരം ഡീഗോ മാറഡോണയുടെ മരണത്തില്‍ അനുശോചിച്ച്‌ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെ. മറഡോണയുടെ ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പാണ് പെലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ നഷ്ടമായെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

‘എനിക്ക് ഒരു പ്രിയപ്പെട്ട കൂട്ടുകാരനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക്, അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുനാള്‍ നമ്മളൊന്നിച്ച്‌ ആകാശത്ത് പന്തുതട്ടുമെന്ന് പ്രതീക്ഷിക്കുന്നു.’ പെലെ കുറിച്ചു.ഒക്ടോബര്‍ മുപ്പതിനായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍. അന്ന് ആശംസകളുമായി പെലെ എത്തിയിരുന്നു. അതേസമയം മറഡോണയുടെ വിയോഗം തീരാനഷ്ടമാണെന്ന് മെസ്സിയും റൊണാള്‍ഡോയും അനുശോചിച്ചു.