ഫുട്‌ബോള്‍ ഇതിഹാസം വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് കായികലോകം. ഇഷ്ടതാരത്തിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച്‌ ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തി. എന്റെ ഹീറോ ഇനിയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അനുസ്മരിച്ചു. ‘എന്റെ ഹീറോ ഇനിയില്ല, എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങള്‍ കാരണമാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടത്’ – ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

– ഫുട്‌ബോളിനും ലോക കായികമേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അനുസ്മരിച്ചു. മറഡോണയുടെ വേര്‍പാടില്‍ ഏറെ ദുഃഖമുണ്ടെന്ന് യുവരാജ് സിങ് ട്വീറ്റ് ചെയ്തു. ആഘോഷിക്കാന്‍ നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ ബാല്യകാല താരമായിരുന്നു മറഡോണ. നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലും ഓര്‍മകളിലും ജീവിക്കുമെന്ന് സുരേഷ് റെയ്‌ന സോഷ്യല്‍ മീഡിയയില്‍ അനുസ്മരിച്ചു.

എല്ലാ കായിക താരങ്ങള്‍ക്കും വലിയ പ്രചോദനമായിരുന്ന മാറഡോണയെന്ന്‌ മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ അനുശോചിച്ചു. മറഡോണയുടെ വേര്‍പാട് വലിയ ആഘാതമാണെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു. മറഡോണ എന്ന പ്രതിഭ കാരണമാണ് താന്‍ ഫുട്‌ബോള്‍ കണ്ട് വളര്‍ന്നതെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന ട്വിറ്ററില്‍ കുറിച്ചു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണ്‍ അനുസ്മരിച്ചത് ഇങ്ങനെ- കായിക ലോകത്തെ അധികമാര്‍ക്കും അവര്‍ ഒരു തലമുറയെ പ്രചോദിപ്പിച്ചുവെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മികച്ച താരങ്ങള്‍ പല തലമുറകളെയും പ്രചോദിപ്പിക്കും. യഥാര്‍ഥത്തില്‍ മറഡോണ ചെയ്തത് അതാണ്.